മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്റണി പെരുന്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര കളക്ഷൻ. മോഹൻലാലിന്റെ അഭിനയപാരമ്പര്യം പേറി കാമറയ്ക്കു മുന്നിലെത്തുകയെന്നത് വിസ്മയക്കു വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയെ പ്രതിഭ കൊണ്ടും ആത്മവിശ്വാസം കൊണ്ടും നേരിട്ട്, പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് യുവതാരം. 2018 എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം, പേര് അന്വർഥമാക്കും വിധം വിസ്മയയുടെ അഭിനയ ജീവിതത്തിലെ ഗംഭീരമായ തുടക്കമായി മാറിയിരിക്കുന്നു.
ആദ്യ ദിനം തന്നെ മൂന്നു കോടിയോളം രൂപ ആഗോള കളക്ഷൻ നേടി ബോക്സ് ഓഫീസിലും വലിയൊരു തരംഗമാണ് തുടക്കം സൃഷ്ടിച്ചത്. ഗൾഫ് നാടുകളിലും വിദേശത്തും മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. പെൺകരുത്തിന്റെ ആക്ഷൻ മുഹൂർത്തങ്ങളും, വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ജൂഡ് ചിത്രം അണിയിച്ചൊരുക്കിയത്. വെറുമൊരു മസാല സിനിമ എന്നതിലുപരി, വിസ്മയ എന്ന നടിയുടെ ആയോധനകലയിലെ വഴക്കവും അഭിനയശേഷിയും കൃത്യമായി അടയാളപ്പെടുത്താൻ ചിത്രത്തിനു സാധിച്ചു. പ്രധാന വില്ലനായി സ്ക്രീനിലെത്തുന്ന ആശിഷും വിസ്മയയ്ക്കൊപ്പം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഇവർ തമ്മിലുള്ള സംഘട്ടന രംഗങ്ങൾ തിയറ്ററുകളിൽ വലിയ ആവേശമാണു സൃഷ്ടിക്കുന്നത്. ഒപ്പം, സിനിമയുടെ നിർണായകഘട്ടത്തിൽ കടന്നുവരുന്ന മോഹൻലാലിന്റെ സാന്നിധ്യം പ്രേക്ഷകർക്കു നൽകുന്ന സർപ്രൈസും ചെറുതല്ല.
ഒരു വശത്ത് പുതിയ തലമുറയുടെ ആക്ഷൻ വീര്യവും, മറുവശത്ത് പ്രേക്ഷകരെ തൊടുന്ന കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുമായി തുടക്കം വരാന്ത്യത്തിൽ തിയറ്ററുകളിലേക്ക് കൂടുതൽ കുടുംബപ്രേക്ഷകരെ ആകർഷിക്കുകയാണ്.